Monday, May 11, 2009

പ്രതീക്ഷയുടെ തിരിനാളം .....

ചുറ്റും ഇരുളാണ്‌ന്നറിക കാറ്റേ കെടുത്താതെ പോക
ഉലഞ്ഞും വലഞ്ഞും നേര്‍ത്തു നേര്‍ത്തില്ലാതെയും
കത്തുമീ കുഞ്ഞു തിരിനാളത്തിന്‍ ജ്വാലയെ
അറിയുന്നു ഞാന്‍ നിന്നെയും നിന്‍ വഴിത്താരയും
വന്നിട്ടൊരു വേള ഓര്‍മപെടുത്തുന്നു നീയെന്നെ
"വെറുതെ പ്രകാശിച്ചിടാതെയീ
കൂരിരുളില്‍ കനകം കണക്കെ പോല്‍ "
നീ വരും വഴികളില്‍ കണ്ടുവോ
നീരിനായ്‌ കേഴുന്ന മണ്ണിന്റെ മക്കള്‍തന്‍
ദാഹവും നീറ്റലും കാണാത്ത മേഘവും
കാണാതെ പോകുന്ന ദേവ പ്രതിഷ്ടയും
കണ്ടു കിട്ടുന്നതാം അസ്ഥികൂടങ്ങളും
മൂര്‍ച്ചയെരുന്നൊരു ആയുധ നാവില്‍ തുളുമ്പി
തിളങ്ങുന്ന രക്തകണങ്ങളും മുദ്രവാക്യങ്ങളും
വഴിയില്‍ മുടന്തുമീ നേര്‍ത്തൊരു ജീവനും
വഴികളില്‍ പെരുകുന്ന നക്ഷത്ര ഹോട്ടെലും
ആയുധ പുരകളായി മാറുന്ന മസ്ജിദും
ദൈവം വസിക്കാത്ത ദൈവാലയങ്ങളും
കാഷായ ധാരിതന്‍ കാപട്യ വാക്യവും
അമ്മ തന്‍ മാനവും കവരുന്ന മക്കളും
മൃഗമാം പിതാവിനാല്‍ തേങ്ങുന്ന ബാല്യവും
കണ്ടു നീ അരികിലായ്‌ അണയുമ്പോള്‍
വെറുതെ വെറുതെ എന്നാരോ പുലമ്പുന്ന
നേര്‍ത്തൊരു ജല്പനം വന്നലയ്ക്കുമ്പോഴും
"വെറുതെ" ഞാന്‍ സൂക്ഷിച്ചു ഉലയാതെ
വയ്ക്കട്ടെ കൂരിരുട്ടില്‍ കനകം കണക്കെയീ
മങ്ങി തിളങ്ങുമീ പുതു കാല പ്രതീക്ഷ തന്‍
നേര്‍ത്തു തുടങ്ങുന്ന തിരിനാള ജ്വാലയെ ..........